വിശ്വസാഹിത്യവിജ്ഞാനകോശം വാല്യം 06
ഡിമൈ 1/4 വലുപ്പത്തില്‍ തൊള്ളായിരത്തോളം പുറങ്ങള്‍ വീതമുള്ള പത്തു വാല്യങ്ങളായി ഇത് സംവിധാനം ചെയ്തിരിക്കുന്നു. മുപ്പതിനായിരത്തിലേറെ ശീര്‍ഷകങ്ങള്‍ ഈ കോശഗ്രന്ഥപരമ്പരയില് ഉണ്ട്. സര്വവിജ്ഞാനകോശംപോലെ ആദ്യന്തം മലയാള അക്ഷരമാലാക്രമത്തില്ത്തന്നെയാണ് ശീര്‍ഷകങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. സാഹിത്യത്തില്‍ പ്രശസ്തമായിരിക്കുന്ന പേരിലാണ് എഴുത്തുകാര്‍ അണിനിരക്കുക. ലോകത്തിലെ എല്ലാ വികസിത ഭാഷകളുടെയും സാഹിത്യത്തെപ്പറ്റിയുള്ള സംക്ഷിപ്തവിവരണം ഇതില്‍ നല്കുന്നു. അവികസിത ഭാഷകളെപ്പറ്റിയുള്ള ലഘുചരിത്രവും, സാഹിത്യം ഉള്ളവയാണെങ്കില്‍ അവയുടെ ഹ്രസ്വവിവരണവും ഉള്‍പ്പെടുത്തുന്നു. ഓരോ ഭാഷയുടെയും ഉദ്ഭവ വികാസ പരിണാമങ്ങളും ലിപിമാതൃകയും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിരിക്കുന്നു. സാഹിത്യകാരന്മാരുടെ ജീവചരിത്രക്കുറിപ്പുകള്‍, അവരുടെ കൃതികളെപ്പറ്റിയുള്ള വിവരണങ്ങള്‍, ഫോട്ടോകള്‍, കൈയൊപ്പുകള്‍, സ്മാരകങ്ങള്‍, പുരാതനകൃതികളുടെ ആദ്യപുറങ്ങളുടെ ഫോട്ടോകള്‍, സാഹിത്യമാസികകളുടെ വിവരങ്ങള്‍, സാഹിത്യപ്രസ്ഥാനങ്ങള്‍, സംഘടനകള്‍, ഭാഷാഭൂപടങ്ങള് തുടങ്ങി അതിവിപുലമാണ് ഇതിലെ ഉള്ളടക്കം.
ശീര്ഷകസ്വീകരണത്തിലും ലേഖനരചനയിലും ദൈര്ഘ്യനിര്ണയത്തിലും മറ്റും കേരളീയമായ വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. വിശ്വസാഹിത്യത്തെ മൊത്തത്തില്‍ അവതരിപ്പിക്കുമ്പോള്‍ ഭാരതീയസാഹിത്യത്തിന് കൂടുതല്‍ പ്രാധാന്യം നല്കാന് ശ്രദ്ധിച്ചിട്ടുണ്ട്.