ഞങ്ങളെക്കുറിച്ച്‌


ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമവും പ്രധാനപ്പെട്ടതുമായ പദ്ധതിയാണ് സര്‍വവിജ്ഞാനകോശം പ്രസിദ്ധീകരണം. 20 വാല്യങ്ങളിലായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന വിജ്ഞാനഭണ്ഡാഗാരമാണിത്. 30,000-ത്തില്‍പ്പരം ലേഖനങ്ങള്‍. ഓരോ വാല്യത്തിലും ഏകദേശം 1,500 ലേഖനങ്ങള്‍ ഉള്‍പ്പെടുത്തും. ഓരോ ലേഖനവും ഓരോ അമൂല്യഗ്രന്ഥമാണെന്നു പറയുന്നതില്‍ അതിശയോക്തിയില്ല; ഓരോ വാല്യവും ഒരായിരം ഗ്രന്ഥങ്ങള്‍ക്ക് തുല്യം. അകാരാദിയില്‍ ലേഖനങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഒരു 'ജനറല്‍ എന്‍സൈക്ലോപീഡിയ' ആണ് സര്‍വവിജ്ഞാനകോശം. ശീര്‍ഷകസ്വീകരണത്തിലും ലേഖനദൈര്‍ഘ്യത്തിലുമൊക്കെ ഭാരതീയവും ഒരളവില്‍ കേരളീയവുമായ മുന്‍തൂക്കവും ഊന്നലും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എല്ലാ വിജ്ഞാനകോശങ്ങളുടെയും സവിശേഷതയാണ്. 1972-ലാണ് ഒന്നാം വാല്യം പ്രസിദ്ധീകൃതമായത്. ഇതുവരെ സര്‍വവിജ്ഞാനകോശം 1 മുതല്‍ 16 വരെയുള്ള വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. 17-ാം വാല്യം പണിപ്പുരയിലാണ്. 1 മുതല്‍ 10 വരെയുള്ള വാല്യങ്ങളുടെ നവീകരണവും പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് സ്വയംഭരണസ്ഥാപനമായതോടെയാണ് പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുതുടങ്ങിയത്. അതിന്റെ ഭാഗമായാണ് വിഷയാധിഷ്ഠിത വിജ്ഞാനകോശങ്ങള്‍ നിര്‍മിക്കുകയെന്നതും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തന ലക്ഷ്യമായത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി വിശ്വസാഹിത്യ വിജ്ഞാനകോശം, ഗ്രാമീണകലാ വിജ്ഞാനകോശം, ജൈവശാസ്ത്ര വിജ്ഞാനകോശം തുടങ്ങിയ ബൃഹത്തായ പദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും സര്‍ക്കാരിന്റെ അംഗീകാരം നേടുകയും ചെയ്തു. ഇവയില്‍ പത്തു വാല്യത്തിലുള്ള വിശ്വസാഹിത്യവിജ്ഞാനകോശത്തിന് പ്രഥമ പരിഗണന നല്‍കി പ്രവര്‍ത്തനമാരംഭിച്ചു. 1 മുതല്‍ 10 വരെയുള്ള മുഴുവന്‍ വാല്യങ്ങളും പ്രസിദ്ധീകരിച്ചു.

ശാസ്ത്ര ചരിത്രത്തിലൂടെ കണ്ണോടിക്കുന്ന ഏതൊരാളുടെയും മനസ്സില്‍ ആഴത്തില്‍ പതിയുന്ന രണ്ടു മഹാസംഭവങ്ങളാണ് 1609-ല്‍ ഗലീലിയോ ആദ്യമായി ദൂരദര്‍ശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയതും 1859-ല്‍ ചാള്‍സ് ഡാര്‍വിന്‍ ഒറിജിന്‍ ഒഫ് സ്പീഷീസ് എന്ന ഗ്രന്ഥം രചിച്ചതും. ചരിത്രഗതിയെ ഇത്രയേറെ സ്വാധീനിച്ച സമാനസംഭവങ്ങളൊന്നും ശാസ്ത്രചരിത്രത്തില്‍ വേറെ ഉണ്ടെന്നു തോന്നുന്നില്ല. ഈ രണ്ടു മഹാസംഭവങ്ങളുടെ ഓര്‍മ പുതുക്കുന്നതിനായി 2009 ലോകശാസ്ത്രവര്‍ഷമായി ആചരിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പരിണാമ വിജ്ഞാനത്തിലും ജ്യോതിശ്ശാസ്ത്ര വിജ്ഞാനത്തിലും ഓരോ വിജ്ഞാനകോശങ്ങള്‍ തയ്യാറാക്കുന്നതിനെക്കുറിച്ച് സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്തിച്ചത്. കേവലം ഒരു വര്‍ഷത്തിനകംതന്നെ ലക്ഷ്യം സഫലമാകുകയും ചെയ്തു.

കൂടാതെ പരിസ്ഥിതി വിജ്ഞാനകോശം, വാര്‍ഷിക വിജ്ഞാനകോശം തുടങ്ങിയ നിരവധി ഏകവാല്യ വിജ്ഞാനകോശങ്ങള്‍ പ്രസിദ്ധീകരിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതി വിജ്ഞാനകോശത്തിന്റെ ആധുനീകരിച്ച പതിപ്പും 2012 ജൂണില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

സര്‍വവിജ്ഞാനകോശ വാല്യങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം 2008-ല്‍ ആരംഭിച്ചു. 15 വാല്യങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഏതൊരു മലയാള വായനക്കാര്‍ക്കും ഇവ സൗജന്യമായി ലഭ്യമാണ്. 'വെബ് അധിഷ്ഠിത വിജ്ഞാന കലവറ'യെന്ന പേരില്‍ നൂതനമായൊരു പദ്ധതിയുടെ കര്‍മമണ്ഡലത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട്.