സന്ദേശം
1961-ല്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് 1976 മുതല്‍ സാംസ്കാരികകാര്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമായി പുനഃസ്ഥാപിക്കപ്പെട്ടു. ഇന്ന് കേരളത്തില്‍ വൈജ്ഞാനിക ഗ്രന്ഥനിര്മിതിയില് ഏര്‍പ്പെട്ടിരിക്കുന്ന ശ്രദ്ധേയമായ ഒരു കേന്ദ്രം ആയി സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നു.
മലയാളത്തിലെ വൈജ്ഞാനിക സാഹിത്യമേഖലയ്ക്ക് വലിയ ഒരു മുതല്‍ക്കൂട്ടാകുന്ന ഗ്രന്ഥപരമ്പരയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചുവരുന്നത്. സര്‍വവിജ്ഞാനകോശം 20 വാല്യങ്ങളിലായി പൂര്‍ത്തീകരിക്കുക എന്ന പ്രഥമ ദൗത്യം ഏറെക്കുറെ സഫലമായിക്കൊണ്ടിരിക്കുന്നു. 17 വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞിട്ടുണ്ട്. 18-ാം വാല്യം ഏതാണ്ട് പൂര്‍ണമായിക്കഴിഞ്ഞിരിക്കുന്നു.
നിരവധി അനുബന്ധ പ്രസിദ്ധീകരണങ്ങള്‍ ഈ കാലയളവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 10 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച വിശ്വസാഹിത്യ വിജ്ഞാനകോശം ഇവയില്‍ പ്രധാനമാണ്. പരിസ്ഥിതിവിജ്ഞാനകോശം, ജ്യോതിശ്ശാസ്ത്രവിജ്ഞാനകോശം, പരിണാമവിജ്ഞാനകോശം തുടങ്ങിയവയും വളരെയേറെ ശ്രദ്ധ ആകര്‍ഷിച്ചതും വ്യാപകമായി സ്വീകരിക്കപ്പെട്ടവയും ആയ പ്രസിദ്ധീകരണങ്ങളാണ്.
കേരളവിജ്ഞാനകോശം, നവസാങ്കേതികവിദ്യാവിജ്ഞാനകോശം, നിയമം, സിനിമ തുടങ്ങിയ വിവിധ മേഖലകളെ അടിസ്ഥാനമാക്കിയുള്ള വിജ്ഞാനകോശ നിര്‍മിതിയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നവീകരിച്ച ഈ വെബ്സൈറ്റ് കൂടുതല്‍ സര്‍വവിജ്ഞാനകോശവാല്യങ്ങള്‍ ഉള്‍പ്പെടുത്തി സമ്പുഷ്ടമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരികകാര്യ വകുപ്പ് നേതൃത്വംകൊടുക്കുന്ന നവോത്ഥാന സന്ദേശപ്രചരണം ഉള്‍പ്പെടെ കേരള ജനതയുടെ സാംസ്കാരിക അടിത്തറ പ്രബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടും സന്തോഷത്തോടെ പങ്കുചേരുകയാണ്.
ഡോ.മ്യൂസ് മേരി ജോർജ്
ഡയറക്ടര്‍