സര്‍വവിജ്ഞാനകോശം വാല്യം 02
സര്‍വവിജ്ഞാനകോശം 20 വാല്യങ്ങളിലായി പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഓരോ വാല്യത്തിന്റെയും ഉള്ളടക്കം ഏകദേശം 1500 ലേഖനങ്ങളാണ്. അകാരാദിയില്‍ ലേഖനങ്ങള്‍ സംവിധാനം ചെയ്യുക, ശീര്‍ഷകങ്ങളിലും ലേഖനങ്ങളുടെ ദൈര്‍ഘ്യത്തിലും ഭാരതീയം, കേരളീയം എന്നീ നിലകളിലുള്ളവയ്ക്ക് മുന്‍തൂക്കം നല്‍കുക എന്നതാണ് പൊതുവായ സമീപനരീതി. ഒന്നാംവാല്യം 1972 ഡിസംബറില്‍ പ്രകാശനം ചെയ്തു. 'അ' മുതല്‍ 'അമൃതുവള്ളി' വരെയുള്ള ശീര്‍ഷകങ്ങളാണ് ഇതിലെ ഉള്ളടക്കം. നിരവധി ബഹുവര്ണപ്പുറങ്ങളും ഏകവര്ണചിത്രങ്ങളും ഗ്രന്ഥത്തെ ആകര്‍ഷകമാക്കുന്നു. 2007 ഫെബ്രുവരിയില്‍ ഈ വാല്യം പരിഷ്കരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ടാംവാല്യം 1974 ഡിസംബറില്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ 'അമേരിക്ക' മുതല്‍ 'ആന്ദ്രേഴീദ്' വരെയാണ് പ്രതിപാദിച്ചിരിക്കുന്നത്. പുതിയ ശീര്‍ഷകങ്ങള്‍ കൂട്ടിച്ചേര്‍ത്തും, അപ്രസക്തമായവ ഉപേക്ഷിച്ചും പഴയ ലേഖനങ്ങള്‍ കാലികമാക്കിയും 2009 ഫെബ്രുവരിയില്‍ ഈ ഗ്രന്ഥം പരിഷ്കരിച്ചു.
മൂന്നാം വാല്യം 1976 ആഗസ്റ്റിലാണ് പ്രസിദ്ധീകരിച്ചത്. 'ആന്ധ്രപ്രദേശ്' മുതല്‍ 'ഇന്ത്യ' വരെയാണ് ഉള്ളടക്കം. 170-ഓളം പേജുകളില്‍ വിവരിക്കുന്ന ഇന്ത്യ എന്ന ബൃഹത്തായ ലേഖനം ഈ വാല്യത്തിന്റെ പ്രത്യേകതയാണ്. ആന്ധ്രപ്രദേശ് എന്ന ലേഖനത്തില്‍ തുടങ്ങി ഇന്ത്യ എന്ന സുദീര്‍ഘ ലേഖനത്തില്‍ വാല്യം അവസാനിക്കുന്നു. നിരവധി പുതിയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 2011 മാര്‍ച്ചില്‍ 3-ാം വാല്യം പരിഷ്കരിച്ചു.
സര്‍വവിജ്ഞാനകോശം നാലാം വാല്യം 1978 മാര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചത്. 'ഇന്ത്യന്‍ ആന്റിക്വറി'യില്‍ തുടങ്ങി 'ഋഷി'യിലവസാനിക്കുന്നതാണ് ഇതിലെ ലേഖനങ്ങള്‍. ശാസ്ത്രസാങ്കേതികരംഗത്തെയും സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെയും മാറ്റങ്ങളുള്‍ക്കൊണ്ട് പുതിയ ശീര്‍ഷകങ്ങള്‍ ഉള്‍ക്കൊള്ളിച്ചും പഴയവയെ പരിഷ്കരിച്ചും 2013 ഒക്ടോബറില്‍ 4-ാം വാല്യം പ്രസിദ്ധീകരിച്ചു. സര്‍വവിജ്ഞാനകോശം 5-ാം വാല്യം ആദ്യമായി പ്രസിദ്ധീകരിച്ചത് 1979-ലാണ്. 'എ' മുതല്‍ 'ഔസ്റ്റൗഷ്' വരെയുള്ള ആയിരത്തില്‍പ്പരം ലേഖനങ്ങളാണ് ഈ വാല്യത്തിലുള്ക്കൊള്ളിച്ചിട്ടുള്ളത്. 2013 ഒക്ടോബറില്‍ 5-ാം വാല്യത്തിന്റെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു.
ആറാംവാല്യം 1981 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ചു. 'ക' മുതല്‍ 'കാഞ്ചനസീത' വരെയുള്ള ലേഖനങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഗ്രന്ഥം തികച്ചും കലാസുഭഗവും ഭാവഗംഭീരവുമാണ്. വ്യഞ്ജനാക്ഷരങ്ങളില്പ്പെടുന്ന ശീര്‍ഷകങ്ങള്‍ ഈ വാല്യത്തിലാണ് ആരംഭിക്കുന്നത്. പുതിയ ശീര്‍ഷകങ്ങള്‍ ഉള്‍ക്കൊള്ളിച്ചും പഴയവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും അപ്രസക്തമായവ ഒഴിവാക്കിയും 2011 ജനുവരിയിലാണ് ഈ വാല്യം പരിഷ്കരിച്ചു പ്രസിദ്ധീകരിച്ചത്.
1984 ജൂലായിലാണ് 7-ാം വാല്യം പ്രസിദ്ധീകരിച്ചത്. തികച്ചും ആധികാരികസ്വഭാവമുള്ള ലേഖനങ്ങള്‍ വര്ണചിത്രങ്ങളോടുകൂടി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 7-ാം വാല്യം പരിഷ്കരണം നടന്നത് 2012 ഫെബ്രുവരിയിലാണ്.
8-ാം വാല്യം പ്രസിദ്ധീകരിച്ചത് 1987 മേയിലാണ്. 'കൃഷ്ണന്' മുതല്‍ കോങ്ഗോ വരെയുള്ള എണ്ണൂറോളം ശീര്‍ഷകങ്ങള്‍ ഇതിലുണ്ട്. കേരളത്തെ സംബന്ധിച്ചുള്ള ദീര്‍ഘമായ പ്രബന്ധം ഈ വാല്യത്തിന്റെ പ്രതേ്യകതയാണ്. കേരളത്തിന്റെ ഭൂമിശാസ്ത്രം, ചരിത്രം, ജനങ്ങള്‍, സാമ്പത്തികം, ഭാഷ,സാഹിത്യം, വിദ്യാഭ്യാസം, മതങ്ങള്‍, ഉത്സവങ്ങള്‍, ദേശീയാഘോഷങ്ങള്‍, കലാസാംസ്കാരിക സ്ഥാപനങ്ങള്‍, ഭരണസംവിധാനം, വ്യവസായം എന്നിവ ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. 2014 ജൂലായില്‍ 8-ാം വാല്യത്തിന്റെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു.
9-ാം വാല്യം 1990-ലാണ് പ്രസിദ്ധീകരിച്ചത്. 1100-ല്‍ പ്പരം ലേഖനങ്ങള്‍ ഇതിലുണ്ട്. 'കോങ്ഗോ' മുതല്‍ 'ഗാന്ധി' വരെയുള്ള ശീര്‍ഷകങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍
വൈജ്ഞാനികഭൂമികയിലുണ്ടായ അഭൂതപൂര്‍വമായ വികാസപരിണാമങ്ങളെ സമഗ്രവും ആധികാരികവുമായി സമാഹരിച്ചും 150-ല്‍പ്പരം പുതിയ ലേഖനങ്ങളുള്ക്കൊള്ളിച്ചും നിലവിലുള്ളവയെ പരിഷ്കരിച്ചും ഇതിനെ കാലോചിതമാക്കിയത് 2012 ഒക്ടോബറിലാണ്. 10-ാം വാല്യം പ്രസിദ്ധീകരിച്ചത് 1995 ഡിസംബറിലാണ്. 'ഗാന്ധിയന്‍ സാമ്പത്തിക വ്യവസ്ഥിതി' മുതല്‍ 'ചിത്രലിപി' വരെയാണ് ഉള്ളടക്കം. 1400-ലധികം ശീര്‍ഷകങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചിത്രകലയുടെ വളര്‍ച്ച പ്രതിപാദിക്കുന്ന അനേകം കളര്‍ചിത്രങ്ങള്‍ ഈ വാല്യത്തിന്റെ പ്രത്യേകതയാണ്. ബഹുവര്ണത്താളുകളില് നിര്‍മിച്ചിട്ടുള്ള 10-ാം വാല്യത്തിന്റെ പരിഷ്കരിച്ച പതിപ്പ് 2011 സെപ്തംബറില്‍ പ്രസിദ്ധീകരിച്ചു.
2000 മാര്‍ച്ചിലാണ് 11-ാം വാല്യം പ്രസിദ്ധീകരിച്ചത്. മാനവീയം സാംസ്കാരിക പരിപാടി നടന്ന കാലമായതിനാല്‍ മറ്റു വാല്യങ്ങളില്നിന്നു വ്യത്യസ്തമായി വാല്യത്തിന്റെ എന്ഡ്പേപ്പറില് മാനവീയം മുദ്രയാണ് നല്‍കിയിരിക്കുന്നത്. ബഹുവര്ണചിത്രങ്ങളുള്ള 24 പേജ് അധികമായി ചേര്‍ത്തിട്ടുണ്ട്. 'ചിത്രലേഖ' മുതല്‍ 'ഞൊറിച്ചുണ്ടന്‍ മത്സ്യം' വരെ 980-ല്‍പ്പരം ലേഖനങ്ങള്‍. ചൈനയെക്കുറിച്ചുള്ള ബൃഹത്തായ ലേഖനം ആ രാജ്യത്തെക്കുറിച്ചുള്ള ആധികാരികവും സമ്പൂര്‍ണവുമായ പഠനമാണ്. ചിത്രാലയങ്ങള്‍ എന്ന ലേഖനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ചിത്രാലയങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണം ലഭ്യമാണ്.
12-ാം വാല്യം 2004 ജനുവരിയില്‍ പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥം 'ട'കാരത്തില്പ്പെടുന്ന ശീര്‍ഷകങ്ങളിലാണ് ആരംഭിക്കുന്നത്. 'ട' മുതല്‍ 'ഡെല്‍റ്റ' വരെയുള്ള രണ്ടായിരത്തോളം ലേഖനങ്ങള്‍ ഈ വാല്യത്തില്‍ ചേര്‍ത്തിരിക്കുന്നു. കാലഭേദവും ദേശഭേദവും ഭാഷാഭേദവും മറികടന്ന്, ആഗോള സംഭവങ്ങളും വിശ്വസംസ്കാരശില്പികളും ചരിത്രവീഥികളില്‍ ശാശ്വതമുദ്ര ചാര്ത്തിയവരുമെല്ലാം ഇതില്‍ അണിനിരക്കുന്നു.
13-ാം വാല്യം പ്രസിദ്ധീകരിച്ചത് 2005 സെപ്തംബറിലാണ്. 'ഡെല്റ്റാരശ്മി'യില്‍ തുടങ്ങി 'തെന്നാലി രാമനി'ല്‍ അവസാനിക്കുന്ന ആയിരത്തില്‍പ്പരം ആധികാരിക ലേഖനങ്ങളാണ് 13-ാം വാല്യത്തിലെ ഉള്ളടക്കം. 750-ലധികം ഏകവര്‍ണ ചിത്രങ്ങളും 34 പേജ് ബഹുവര്‍ണ ചിത്രങ്ങളും ഈ കൃതിയെ ആകര്‍ഷകമാക്കുന്നു. 805 പേജുകളില്‍ പരന്നുകിടക്കുന്ന ഒരു വിജ്ഞാനസാഗരമാണ് 13-ാം വാല്യം.
14-ാം വാല്യം 2008 ജൂണില്‍ പ്രകാശിതമായി. 'തെന്മല'യില്‍ തുടങ്ങി 'നദി'യില്‍ അവസാനിക്കുന്ന 884 ശീര്‍ഷകങ്ങളാണ് 14-ാം വാല്യത്തില്‍ വിശദീകരണവിധേയമാകുന്നത്. പ്രമുഖ വ്യക്തികള്‍, സാംസ്കാരികരൂപങ്ങള്‍, പ്രകൃതിപ്രതിഭാസങ്ങള്‍, ശാസ്ത്രവിഷയങ്ങള്‍ തുടങ്ങി എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ലേഖനങ്ങള്‍ ഇതിലുണ്ട്. 3000-ത്തിലധികം ഏകവര്‍ണ ചിത്രങ്ങളും 64 ബഹുവര്ണത്താളുകളും ഗ്രന്ഥത്തെ ആകര്‍ഷകമാക്കുന്നു. വൈവിധ്യമുള്ള ലേഖനങ്ങളാല്‍ സമൃദ്ധമാണ് ഈ ഗ്രന്ഥം.
15-ാം വാല്യം 2010 ആഗസ്റ്റിലാണ് പ്രകാശനം ചെയ്യപ്പെട്ടത്. 'നദീതട സംസ്കാരം' മുതല്‍ 'നീര്‍മാതളം' വരെ വൈവിധ്യമാര്‍ന്ന ശീര്‍ഷകങ്ങളില്‍ വിജ്ഞാനപ്രദങ്ങളായ അറുന്നൂറിലധികം ലേഖനങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. എല്ലാ പേജുകളും മുഴുവര്ണത്തില് അച്ചടിക്കുന്ന ആദ്യ സര്വവിജ്ഞാനകോശവാല്യമാണ് എന്നത് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്. ആശയസംവേദനത്തിലും ദൃശ്യഭംഗി നല്‍കുന്നതിലും ഇതിലെ ചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് അന്യാദൃശമാണ്.
2015 ജൂലായില്‍ 16-ാം വാല്യം പ്രസിദ്ധീകരിച്ചു. 'നീര്‍വാക' എന്ന ശീര്‍ഷകത്തില്‍ തുടങ്ങി 'പാക്കനാര്‍ കളി' എന്ന ശീര്‍ഷകത്തില്‍ അവസാനിക്കുന്ന സര്‍വവിജ്ഞാനകോശം 16-ാം വാല്യത്തില്‍ 700-ഓളം വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജവാഹര്‍ലാല്‍ നെഹ്റു, ഫ്ളോറന്‍സ് നൈറ്റിങ്ഗേല്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, ഐസക് ന്യൂട്ടന് തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍; നെതര്‍ലന്‍ഡ്സ്, നേപ്പാള്‍, പലസ്തീന്, പാകിസ്താന് തുടങ്ങിയ ലോകരാഷ്ട്രങ്ങളെയും പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളെയും കുറിച്ചുള്ള ലേഖനങ്ങള്‍; പരിണാമം, നൃത്തം, നോബല്‍ സമ്മാനം, ന്യൂറംബര്‍ഗ് വിചാരണ തുടങ്ങി നിരവധി ഗൗരവമാര്‍ന്ന ലേഖനങ്ങളാല്‍ സമ്പന്നമാണ് 16-ാം വാല്യം.
17-ാം വാല്യം താമസിയാതെ പുറത്തിറക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ഇപ്പോള്‍ സ്ഥാപനം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് പ്രസിദ്ധീകരിക്കും. 18 മുതല്‍ 20 വരെയുള്ള വാല്യങ്ങളുടെ ശീര്ഷകസമാഹരണം കഴിഞ്ഞു. ലേഖനസമാഹരണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ വാല്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.