ചരിത്രം
1961-ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലയാളത്തില്‍ ഒരു വിജ്ഞാനകോശം നിര്‍മിക്കുന്നതിന് കേരള സര്‍ക്കാര്‍ തീരുമാനിക്കുകയും ചീഫ് എഡിറ്ററായി പണ്ഡിതവരേണ്യനായ പ്രൊഫ. എന്‍. ഗോപാലപിള്ളയെ നിയമിക്കുകയും ചെയ്തു. 1962 സെപ്തംബറില്‍ സര്‍വശ്രീ എന്‍. ശേഖരപിള്ള, എം.പി. അപ്പന്, എബ്രഹാം ജോസഫ്, എ. മുഹമ്മദ് എന്നിവരടങ്ങുന്ന ഒരു പത്രാധിപസമിതിയെ നിയമിച്ചു. 1967-ല്‍ സര്‍വശ്രീ എന്‍.കെ. ദാമോദരന്‍, വി.കെ. നാരായണന്, എം.എന്‍. നാരായണമാരാര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി പത്രാധിപസമിതി വികസിപ്പിച്ചു. എന്‍സൈക്ലോപീഡിയ 10 വാല്യങ്ങളായി പ്രസിദ്ധീകരിക്കണം എന്നായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. തത്പ്രവര്ത്തനത്തില് ഗണ്യമായ പുരോഗതി ഉണ്ടാകുന്നതിനു മുമ്പ് പ്രൊഫ. ഗോപാലപിള്ള നിര്യാതനായി. 1968 ജൂണ്‍ മുതല്‍ 1969 ജൂണ്‍ വരെ വിദ്യാഭ്യാസവകുപ്പു സെക്രട്ടറി കെ.സി. ശങ്കരനാരായണന് ചീഫ് എഡിറ്ററുടെ ചുമതല വഹിച്ചു. 1969 ജൂലായ് 1-ന് ഡോ. കെ.എം. ജോര്‍ജ് ചീഫ് എഡിറ്ററായി നിയമിക്കപ്പെട്ടു. അതിനുശേഷം ഈ സ്ഥാപനം ഒരു പുതിയ കര്മസരണിയിലേക്ക് പ്രവേശിച്ചു. അപ്പോഴേക്കും വിജ്ഞാനദായകങ്ങളായ വളരെയേറെ ഗ്രന്ഥങ്ങളും ചില വിജ്ഞാനകോശങ്ങളും മലയാളത്തില്‍ ആവിര്ഭവിച്ചുകഴിഞ്ഞിരുന്നു. പുതിയ പരിതഃസ്ഥിതിയില്‍ അതിവിപുലവും സമഗ്രവുമായ ഒരു വിജ്ഞാനകോശം തയ്യാര്‍ ചെയ്യുന്നതായിരിക്കും പ്രസക്തം എന്ന് 1969 ജൂലായില്‍ ചേര്‍ന്ന 'എന്‍സൈക്ലോപീഡിയ കമ്മിറ്റി' തീരുമാനിച്ചു. ഈ തീരുമാനമാണ് 20 വാല്യങ്ങള്‍ എന്ന ഒരു സംവിധാനത്തില്‍ ഇപ്പോള്‍ പ്രസിദ്ധീകരണം നടന്നുകൊണ്ടിരിക്കുന്ന സര്‍വവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം. വിദ്യാഭ്യാസ വകുപ്പിന്കീഴില് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം, 1976-ല്‍ പ്രവര്ത്തനസൗകര്യാര്ഥം സാംസ്കാരികവകുപ്പിന്കീഴില് പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വതന്ത്ര സ്ഥാപനമായി. പ്രഥമ ഡയറക്ടര്‍ ഡോ. വെള്ളായണി അര്‍ജുനനാണ്. തുടര്‍ന്ന് ഡോ. സി.ജി. രാമചന്ദ്രന് നായര്‍, പ്രൊഫ. എം. അച്യുതന്, ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. വി. അരവിന്ദാക്ഷന്, ഡോ. വെള്ളായണി അര്ജുനന്, ഡോ. എം.ആര്. തമ്പാന്, പ്രൊഫ. കെ. പാപ്പൂട്ടി, പ്രൊഫ. തുമ്പമണ്‍ തോമസ്, ഡോ. എം.ടി. സുലേഖ എന്നിവര്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായി. നിലവില്‍ (2018) ഡോ. എ.ആര്. രാജനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. മുഖ്യമന്ത്രി അധ്യക്ഷനും സാംസ്കാരികവകുപ്പുമന്ത്രി ഉപാധ്യക്ഷനും; ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയും സാംസ്കാരികകാര്യവകുപ്പു സെക്രട്ടറി, ധനകാര്യ വകുപ്പു സെക്രട്ടറി തുടങ്ങിയവരും, 12 അനൗദ്യോഗികാംഗങ്ങളും ഉള്‍പ്പെട്ട ഭരണസമിതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
പ്രവര്ത്തനസൗകര്യാര്ഥം ലോകവിജ്ഞാനത്തെ നാല്പതോളം പ്രമുഖ ശാഖകളായി വിഭജിക്കുകയും അവയെ 15 വിവിധ വിഭാഗങ്ങളായി വര്‍ഗീകരിക്കുകയും ചെയ്തിരിക്കുന്നു.
അറിവിന്റെ വിശാലമണ്ഡലങ്ങളിലേക്കു പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന റഫറന്‍സ് ഗ്രന്ഥങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങള്‍. ഏതൊരു മലയാളിവായനക്കാരനും ഗ്രഹിക്കത്തക്കവിധം ലളിതമായി ലേഖനങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഈ ഗ്രന്ഥങ്ങള്‍ സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്രദമാണ്.