ദൗത്യം


പ്രപഞ്ചത്തിലെ സമസ്ത വിജ്ഞാനവും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ശൈലിയില്‍ മാതൃഭാഷയില്‍ നല്‍കുക; വിശ്വപ്രസിദ്ധി നേടിയ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക, അമേരിക്കാന, ഗ്രേറ്റ് സോവിയറ്റ് എന്‍സൈക്ലോപീഡിയ, എന്‍സൈക്ലോപീഡിയ ഒഫ് സ്‌പേസ് സയന്‍സ്, ആനിമല്‍ ലൈഫ് എന്‍സൈക്ലോപീഡിയ, കോളിയേഴ്‌സ് എന്‍സൈക്ലോപീഡിയ തുടങ്ങിയ വിജ്ഞാനകോശങ്ങളുടെ മാതൃകയില്‍ പൊതുവിജ്ഞാന സഞ്ചിക പ്രസിദ്ധപ്പെടുത്തി മലയാളഭാഷയെ സമ്പന്നമാക്കുക; ലോകത്തെമ്പാടുമുള്ള അറിവിന്റെ കിരണങ്ങള്‍ മാതൃഭാഷാജാലകത്തിലൂടെ കടത്തിവിട്ട് കേരളീയരുടെ വിജ്ഞാനവും ഭാവനയും വികസിപ്പിക്കുക; അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന വൈജ്ഞാനിക-സാംസ്‌കാരിക-വിദ്യാഭ്യാസ വികാസങ്ങളെപ്പറ്റി വിദ്യാകുതുകികളെ ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായിട്ടുള്ളത്. ആ മഹാദൗത്യത്തിന്റെ ഏതാണ്ട് നാലില്‍ മൂന്നു ഭാഗവും ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു.

ഭരണതലത്തിലും കോടതികളിലും വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും മലയാളം മാധ്യമമാക്കുക എന്ന ലക്ഷ്യം പ്രാപിക്കണമെങ്കില്‍, അറിവു പകര്‍ന്നുകൊടുക്കുന്ന ഒട്ടേറെ ഗ്രന്ഥങ്ങള്‍ മലയാളഭാഷയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. വിജ്ഞാനരംഗം ദൈനംദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, മാതൃഭാഷയിലൂടെ കേരളീയരെ അഭ്യസ്തവിദ്യരും ആധുനികരുമാക്കിത്തീര്‍ക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍വഹിക്കുന്നത്.