ഭാവി പദ്ധതികള്‍

ആധുനിക കാലത്ത് വിഷയാധിഷ്ഠിത വിജ്ഞാനകോശങ്ങള്‍ വലിയ പ്രാധാന്യം കൈവരിച്ചുകൊണ്ടിരിക്കുകയാണ്. മെക്‌ഗ്രൊ-ഹില്ലിന്റെ എന്‍സൈക്ലോപീഡിയ ഒഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി നേടിയ സ്വീകാര്യത ഉദാഹരണം. മലയാളത്തിലും സമാനമായ വിജ്ഞാനകോശങ്ങള്‍ വിവിധ വിഷയങ്ങളില്‍ ഉണ്ടാകുന്നത് വിജ്ഞാനവ്യാപനത്തിനു മാത്രമല്ല, ഭാഷയുടെ വികാസത്തിനും സഹായിക്കും. ഇതിനോടകം പ്രസിദ്ധീകരിച്ച പരിസ്ഥിതി വിജ്ഞാനകോശം, പരിണാമ വിജ്ഞാനകോശം, ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം എന്നിവ ഈ ദിശയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ വിജയകരമായ ശ്രമങ്ങളായിരുന്നു. സമീപഭാവിയില്‍ ഇനി പറയുന്ന വിഷയങ്ങളില്‍ വിജ്ഞാനകോശങ്ങള്‍ നിര്‍മിക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ദേശിക്കുന്നത്.

1. കേരള വിജ്ഞാനകോശം. കേരളത്തിന്റെ ചരിത്രം, ജനജീവിതം, കല, സാഹിത്യം, ഭൂപ്രകൃതി, സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ പ്രസക്തവിഷയങ്ങളും സമഗ്രമായി ലഭ്യമാക്കുന്ന ഒരു ഗ്രന്ഥം.

2. നവസാങ്കേതികവിദ്യാ വിജ്ഞാനകോശം. ശാസ്ത്ര-സാങ്കേതിക രംഗത്ത് കൈവന്നിട്ടുള്ള പുത്തന്‍ കണ്ടെത്തലുകള്‍, മാറ്റങ്ങള്‍, ഗവേഷണം എന്നിവ മലയാളഭാഷയില്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്ന വൈജ്ഞാനിക ഗ്രന്ഥം.

3. നിയമവിജ്ഞാനകോശം. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍, അവര്‍ക്ക് പ്രസക്തമായ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും നീതി തേടേണ്ട രീതികളും മറ്റും വിശകലനം ചെയ്യുന്ന വിജ്ഞാനകോശം.

ഇവകൂടാതെ ചലച്ചിത്ര വിജ്ഞാനകോശം, ശാസ്ത്രവും സാങ്കേതികവിദ്യകളും, സാമൂഹ്യശാസ്ത്രം, ഭൗതികശാസ്ത്രം, ജൈവശാസ്ത്രം, കംപ്യൂട്ടര്‍ വിജ്ഞാനീയം തുടങ്ങിയ വിഷയങ്ങളിലും ബൃഹത്തായ പദ്ധതികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നുണ്ട്.