പുരസ്കാരങ്ങള്‍
ഏതൊരു സംരംഭത്തിനും അവാര്‍ഡുകള്‍ ലഭിക്കുകയെന്നത് അംഗീകാരമാണ്. സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ നിരവധിയാണ്. ഇന്ത്യന്‍ ഭാഷകളിലെ മികച്ച റഫറന്‍സ് ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം 1979-ല്‍ സര്‍വവിജ്ഞാനകോശം 5-ാം വാല്യത്തിനു ലഭിച്ചു.
കേരള സര്‍ക്കാര്‍ മലയാള പുസ്തക വികസന സമിതിയുടെ ഏറ്റവും നല്ല റഫറന്‍സ് പുസ്തകത്തിനുള്ള സംസ്ഥാന പുരസ്കാരം മൂന്നു തവണ സര്വവിജ്ഞാനകോശങ്ങള്ക്ക് ലഭിച്ചിട്ടുണ്ട്.
1977-ല്‍ സര്‍വവിജ്ഞാനകോശം 3-ാം വാല്യത്തിനും 1979-ല്‍ സര്‍വവിജ്ഞാനകോശം 4-ാം വാല്യത്തിനും 1987-ല്‍ സര്‍വവിജ്ഞാനകോശം 8-ാം വാല്യത്തിനുമാണ് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്. 1998-ല്‍ മികച്ച രൂപകല്പനയ്ക്കും മുദ്രണത്തിനുമുള്ള മലയാള പുസ്തകവികസന സമിതിയുടെ സംസ്ഥാന പുരസ്കാരം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിശ്വസാഹിത്യവിജ്ഞാനകോശം 2-ാം വാല്യത്തിനായിരുന്നു.
ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് ദ്രവീഡിയന്‍ ലിങ്ഗ്വിസ്റ്റിക്സ് അവാര്‍ഡ് 2004-ല്‍ സര്‍വവിജ്ഞാനകോശം 12-ാം വാല്യം നേടി. സര്‍വവിജ്ഞാനകോശം 14-ാം വാല്യത്തിനായിരുന്നു എം.ജി. യൂണിവേഴ്സിറ്റി ഏര്‍പ്പെടുത്തിയ, മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള ‘മുദ്രണമികവ് 2009 പുരസ്കാരം’.
മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ഇന്റര്‍ നാഷണല്‍ ബുക്ക് ഫെയര്‍ അവാര്‍ഡ് 2010-ല്‍ ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം, പരിണാമ വിജ്ഞാനകോശം എന്നീ ഗ്രന്ഥങ്ങള്‍ക്കായിരുന്നു.
2013-ലെ മികച്ച പുസ്തക നിര്‍മിതിക്കുള്ള സാഹിത്യഅക്കാദമി ദേശീയ പുസ്തകോത്സവ അവാര്‍ഡ് ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശത്തിനായിരുന്നു.